വേർപെടുത്തിയ കാഴ്ചകൾ

Saturday, January 29, 2011

പച്ചക്കറികൊണ്ടൊരു ഇടക്കാലആശ്വാസം...!!?





ഒരുകൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു സഹധർമ്മിണി..
സ്വരുക്കൂട്ടിവച്ചത് കണ്ടപ്പോൾ വലിയമോൾക്ക് ഒരുപൂതി,വരച്ചാലോ...?
ഇളയവളും ഒരുങ്ങി...

വരമുട്ടിയ വരയനായൊരു തന്തമനം ഒരു ജെ.എസ്.ഇ.ബി കണക്കേ കോരിത്തരിച്ചു..! കാൻ വാസ് ആവശ്യത്തിനനുസരിച്ച് മുറിക്കുന്നതിനിടെ ഞാൻപറഞ്ഞു.. രണ്ട് മണിക്കൂറിൽ അധികമാവാൻ പാടില്ല!.
ഇത് വെള്ളരിയ്ക്കാപട്ടണമൊന്നുമല്ല ആകെയുള്ളഎക വെള്ളരിക്ക് വേറെ ചുറ്റുപാടുണ്ട്!
എന്നാൽ എന്റെ കാന്‍വാസിൽ ഇപ്പതന്നെ വരച്ചോ എന്നും പറഞ്ഞ് ഇളയവൾ ദൌത്യത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു..!

നില്ക്കക്കള്ളികൾ മങ്ങിത്തുടങ്ങി! ഒരുകൈ നോക്കാൻ തന്നെ തീരുമാനിച്ചു..!
ബ്രഷെടുത്ത് സടകുടഞ്ഞു! പാലറ്റെടുത്ത് പെയ്ന്റെടുത്ത് പിന്തുണപ്രഖ്യാപിച്ച് വാമഭാഗവും..!
 ഒന്നരമണിക്കൂറ് കൊണ്ട് തന്നെ പെയ്ന്റിങ്  തയാര്‍...! അല്ലറചില്ലറതൊട്ട്തടവലുകൾ മാത്രമേ വേണ്ടൂ ഈ വെള്ളരിയും മാങ്ങയും കത്തിയും പലകയുമൊക്കെ ഇനിമുതൽ കാന്‍വാസിൽ ജീവിക്കും!

വലിയമകൾക്ക് അഭിമാനം !
ഇപ്പാനെപ്പോലെ ഞാനും വരച്ചു!
ചെറിയവൾക്ക് സങ്കടം എനിയ്ക്ക് തന്നെ വരച്ചാൽ മതിയായിരുന്നു!
തായ് മനം ആശ്വാസമരുളി..
നോക്ക് എത്ര നാളുകൾക്ക് ശേഷമാണു ഇപ്പ ഇതുപോലെ വരച്ച് കാണുന്നത്....!!

വല്ല്യപഴക്കമില്ലാത്തതൊന്ന് പോസ്റ്റാന്‍ ഇതെയിപ്പോള്‍ നിര്‍വാഹമുള്ളു..

  കൊല്ലമൊന്ന് കഴിഞ്ഞു ഈകലാപ്രകടനം കഴിഞ്ഞിട്ട്.
പോസ്റ്റുമ്പോൾ ഒരുപുതുമയ്ക്ക്  ഒരു അടിക്കുറിപ്പായിരുന്നു ഉദ്ധേശം, എഴുതി വന്നപ്പോള്‍ ഒരുവെടിക്കുറിപ്പായോഎന്ന് സംശയം..!  ബോറടിപ്പിച്ചെങ്കിൽ സദയം മാപ്പ്...!

Wednesday, January 26, 2011

പരദേശക്കുറിപ്പ്

കിനാക്കള്‍
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
നിറഞ്ഞൊരുള്ളം പിടിച്ചു നിര്‍ത്തി
ഇരുട്ട്യനട്ടഹസിച്ചപ്പോള്‍
പെരുത്ത വേനലതൂറ്റിയ കോട്ട-
പ്പുഴയെന്നുള്ളില്‍ തേഞ്ഞപ്പോള്‍
അമ്പാഴങ്ങേ  അമ്പടി നീയും
അമ്പേ നാടു വെടിഞ്ഞപ്പോള്‍
അമ്പിളിയോലും മധുരപ്പുളിയും
ആവഴി പോയി മറഞ്ഞപ്പോള്‍
ഈമിഴി പെയ്യുന്നയ്യോ കരളും
ഇരുട്ട്യനെപ്പോലലറുന്നു
വരണ്ടു ചങ്കും കോട്ടപ്പുഴപോല്‍
വിരണ്ടു പോയെന്‍ കനവുകളും
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
----------------------------------------
   ഇന്നും  മുറപ്രകാരം പോസ്റ്റേണ്ടുന്ന സുദിനം,മാറാപ്പഴിച്ചു തപ്പി,ഇങ്ങനെയൊന്ന് !...
കൂടുതല്‍ ആലോചിക്കുന്നില്ല ..ഏറ്യാ മൂന്ന് അല്ലങ്കില്‍ നാല് ! നന്ദിപ്രകാശനം, അങ്ങനെ ആകെമൊത്തം ടോട്ടലായിട്ട്  കിട്ടാന്‍ പോകുന്ന അഭിപ്രായങ്ങളുടെ എണ്ണം ഒരുകൈയ്യിലൊതുങ്ങും!..
രണ്ട് കൈയ്യും കൂട്ടിപ്പിടിച്ച് ഞാനെണ്ണും , പത്താകുകയും ചെയ്യും!.
കൂട്ടത്തിലൊരു കൂപ്പുകൈയ്യും!
സ്വാഗതം!..
ഒരിക്കല്‍ കൂടി ഒരുസമര്‍പ്പണം!
അതെ, പരദേശത്തിന്റേ പഴയ പ്രകോപനങ്ങള്‍ , പ്രലോഭനങ്ങള്‍ ,പ്രചോദനങ്ങള്‍!..

   പ്രശാന്തമായ വര്‍ത്തമാനകാല  പകര്‍ത്തെഴുത്തിനു ഇരട്ടി മധുരം തോന്നുന്നു !.
ബിസ്മില്ലാ....





Wednesday, January 19, 2011

പോയത്തം

നിലമ്പൂര്‍ (പാട്ടൂർ)

തിട്ടമായ് ഓര്‍മ്മയുണ്ടിന്നും
പാട്ടൂരിന്റെ ഓര്‍മ്മകള്‍
രാത്രി തോരുമ്പോളെന്നും
തിരക്കിൽ പറന്നമുടിയുമായി
കോലോപാതയിലൂടെ

എത്താറുണ്ടായിരുന്നു ഞാന്‍
വണ്ടിത്താവളത്തിലെത്തിയാല്‍
ഇരുപതു പൈസക്കു വറുത്തകടല
അല്ലങ്കില്‍ മട്ട് നീന്തുന്ന
ഒരു ഗ്ലാസ്സ് വെളുത്ത വെള്ളം

തൊണ്ടയില്‍ പൌരുഷത്തിന്റെ
മുഴയനക്കത്തിനൊപ്പം
മണ്‍കുടത്തില്‍ ചുണ്ണാമ്പ് കൊണ്ട്
കോറിയിട്ട മലയാളം
നാടന്‍ മോരുംവെള്ളം

പച്ചമുളകിന്റെ
 ചതഞ്ഞ പുറം കുപ്പായം
ചുണ്ട് കൊണ്ട് മാത്രം തുപ്പുമ്പോള്‍
ബീഡിക്കറയില്ലായിരുന്നു ചുണ്ടില്‍
ഇടവഴിതാണ്ടി
പതിനെട്ടാം പടിക്കിപ്പുറം
ആട്ട്കല്ലിന്റെതാളത്തിനൊപ്പം
പത്മനാഭ സ്വാമിയുടെ
ഉടല്‍ പകുത്ത  പൂണൂല്‍

നേട്ടമായ്ഓര്‍ക്കാറുണ്ടിന്നും
പാട്ടൂരേ നിന്റെ
നെട്ടോട്ടത്തിന്റെ
മൃദുലസ്പന്ദനങ്ങള്‍

(പാട്ടൂര്‍: പാട്ടുത്സവത്തിനു പ്രശസ്തമായ നിലമ്പൂര്)
-------------------------------------------------------------------------------

പ്രവാസത്തിന്റെ പ്രാരംഭ (പ്രാരാബ്ദ്) കാല സൂക്ഷിപ്പുകളിലൊന്നു കൂടെ
സഹിക്കുക,സഹകരിക്കുക
ഇനിയൊരു വരയാവാം എന്ന് കരുതിയതായിരുന്നു, വരച്ചു സാൻകേതികം
തടസ്സപ്പെടുത്തിയ അതിന്റെ വരവോളം ഈ വറുതിയോട് പൊറുക്കുക!
കവിത + POEM = പോയത്തം

Friday, January 14, 2011

കൌമാരത്തിലൊരു പ്രവാസകാലത്ത്

ക്ലിം..ക്ലിം..
ബൂലോകം ക്ലിക് ചെയ്തു നോക്കി
ആബ്ലോഗിലതാ ഒരു പോസ്റ്റുല്‍ഘാടനം
പേരിങ്ങനെ
കൌമാരത്തിലൊരുപ്രവാസകാലത്ത്     (ഭാഗം-ഒന്ന്)

കൂട്ടുകാരന്‍

കോഴി കൂവുന്നു നേരം പുലരാന്‍
കാകന്‍ കരയുന്നു ഒന്നു കൂടി പുലരുന്നു
പറന്നകലും മ്പോള്‍ ഉദിച്ചുയരുന്നു
ഞാനേകനായിരുന്നിതുവരേ
വന്നിത എന്റെ തോഴന്‍
-----------------------------------------------
അനന്തം അജ്ഞാതം

ഞാനിന്നും കണ്ടൊരു പകല്‍കിനാവ്
ഒരു പാല്‍ കിനിവു പോലെ
ഞാനപ്പോള്‍ ഉറങ്ങുകയായിരുന്നു
പിന്നെ !?.
പുനര്‍ജ്ജനിക്കുന്നൊരു
മരണാനന്തരം.
----------------------------------------------
കളര്‍പ്രഭാതം
ചില്ലുജാലകപ്പരപ്പിലാണെന്റെ
പുലരിതന്‍പുഞ്ചിരികാണുന്നതെന്നും ഞാന്‍
ജാലകത്തില്‍ തൂങ്ങുംതുണിയുടെ വര്‍ണ്ണമാം
വയലറ്റ് പൂശി വന്നെത്തും പ്രഭാതങ്ങള്‍
------------------------------------------------
മനോഹാരിതം

പിറന്ന നാട്ടിലെ പുല്‍മേഞ്ഞ തിട്ടയില്‍
എട്ടടി ത്തോട്ടിനു നിഴലാലൊരു
പാലം തീര്‍ത്തുഞാന്‍
പുലരിതന്‍ ചായമൊലിക്കുമാതോട്ടിലെ
മീനാക്ഷികള്‍ തന്‍ പുഞ്ചിരി
ഹാ ! എത്രസുന്ദരം എന്ത് മനോഹരം
--------------------------------------------
അറബിക്കഥ
സൂക്കിലേക്കേകനായ്
പോക്കു വെയിലിന്‍ തോപ്പും മടക്കി ക്കുത്തി
തിക്കും തിരക്കുമൊലിക്കുമപ്പാതയില്‍
ഹല ഹല മന്ത്രിച്ചുമ്മൂളിയും
ഉച്ചത്തിലോതിയും പ്രാഗിയും
തലവെട്ട് കവലയും
താണ്ടി ഞാന്‍ സൂക്ഷിച്ച്
കാണാത്തൊരാ തല ചതയുന്നു  കണ്ണുകള്‍
‌കൃഷ്ണമണികളിമകള്‍ പുരികങ്ങളോരോന്നു
മരയുന്നു, രചക്രമുരുളുന്നു
ഞൊടിയിട ഞെട്ടിഞാനെന്‍ തലയൊന്നു തപ്പി
ഉടനെയെന്‍ ചിത്തത്തിലൊരു മിന്നല്‍ പിണര്‍
ഇല്ലഞാനില്ലിനി സൂക്കിന്‍ വിഴുപ്പുകള്‍
തല്ലിച്ചതക്കട്ടെ എന്റെ തലഞാനിനി
വൈവിദ്ധ്യം ചീഞ്ഞൊലിക്കുമീ വീഥിയില്‍
വൈരുദ്ധ്യ ഗഗന്ധ മറിഞ്ഞു ഞാനിന്നു
-------------------------------------------------------

അന്നൊക്കെ (1980-കള്‍)  ആഴ്ച്കയില്‍ രണ്ട് ഗുസ്തിയും ,വല്ലപ്പോഴും ചില പെട്ടികെട്ട് മഹോത്സവങ്ങളും
ഒക്കെ ഒരുകൊണ്ടാട്ടം തന്നെയായിരുന്നു,
കാത്തിരുന്നു ആഘോഷിക്കുമായിരുന്നു !!..
അന്ന് എഴുത്ത് അത്യാവശ്യം തന്നെയായിരുന്നു,കത്ത് വന്നാലും വന്നില്ലെങ്കിലും,കിട്ടിയതും കിട്ടാത്തതും, കാത്തിരിപ്പിനൊടുവില്‍ ആരായലും എഴുതിപ്പോകും,
 നേരക്കമ്മിയും ആശയപ്പട്ടിണിയും പോസ്റ്റ് നോവിനു ആക്കം കൂട്ടി
വരച്ചിട്ടും എത്തുന്നില്ല,അങ്ങിനെയാണു ഈഒരു ഉപായം ഉരുത്തിരിഞ്ഞതു
പഴയകാലപ്രവാസത്തിന്റെ ബാക്കി ബുക്കുകള്‍ നാലഞ്ചെണ്ണം കിട്ടി പഴയ എക്കോലാക്കില്‍
നാട്ടിലെ തട്ടുമ്പുറത്ത് തേടും പോസ്റ്റൊന്നിതാ കിടപ്പൂ തേഞ്ഞൊരെന്‍ കാലില്‍ പിണഞ്ഞ്...
പോസ്റ്റില്ലാതെ തരിശാവേണ്ട പുഞ്ചപ്പാടം ചിതലെടുക്കുന്ന ശേഖരത്തിനൊരു പകര്‍ത്തി എഴുത്തും
അതു വഴി ഒരു ഉയിര്‍ത്തെഴുന്നേല്പും തരപ്പെട്ടെങ്കില്‍ എന്ന് അത്യാഗ്രഹിച്ചു(ബ്ലോഗത്തരം) കൊണ്ട്
ബൂലോകത്തിനു സമര്‍പ്പിക്കുന്നു
ക്ലിം...ക്ലിം...

പെയ്യാത്തമഴ മനസ്സില്‍ വര്‍ഷിച്ചപ്പോള്‍

പെയ്യാത്തമഴ മനസ്സില്‍ വര്‍ഷിച്ചപ്പോള്‍
വര്‍ഷം വിതറിയ മേഘങ്ങളേ
സഹര്‍ഷം വിതുമ്പിയ മോഹങ്ങളെ
വിണ്ണിന്റെ മോഹം ശമിച്ചോ
മണ്ണിന്റെ ദാഹം ക്ഷയിച്ചോ
കണ്ണിന്റെ മോഹം ശമിച്ചു
മനസ്സിന്റെ ദാഹം തഴച്ചു
വര്‍ഷം വിതറുന്ന മേഘങ്ങളേ
സഹര്‍ഷം വിതുമ്പുന്ന മോഹങ്ങളെ

മാറാപ്പില്‍ ഉണ്ടായിരുന്നത് !

നീലമുറി 1986
ഏപ്രില്‍ 28 വ്യാഴം
മഹത്തായ മാസത്തിന്റെ ഔദാര്യമാണീ മദ്ധ്യാഹ്ന മയക്കം,ഈകട്ടിലീ ഭിത്തി ചേര്‍ത്തിട്ടത് ഈയുള്ളവന്റെ ശീലക്കേട് തന്നെയായിരുന്നു, ഏ.സി അതൊരിക്കലും ഞങ്ങള്‍ ഗള്‍ഫ് കാര്‍ക്ക് ഒരാഡംബരമല്ല സ്നേഹിതാ.ഈജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ കാണുന്ന ഉഷ്ണകാലസൂര്യന്റെ തീഷ്ണമായ ചൂടും വെളിച്ചവും നരകചിന്തയുടെ വിഹ്വലതകളോളം എത്തിനില്‍ക്കുകയാണു.
നിന്റെ കത്ത് !.
പഞ്ചേന്ദ്രിയങ്ങളെ പോലും നിഗ്രഹിച്ച സ്വപ്നസമാനമായ ഈഅറബിനഗരത്തിലെ തടവുകാരനു(എണ്‍പതുകളിലെ പ്രവാസി)അതൊരുകവിള്‍ പീയൂഷമായിരുന്നു !.
ക്ഷേമം, അതൂഹിച്ചതായിരുന്നു അതെന്റെ പ്രാര്‍ത്തനയുടെ നിറമല്ലേ !?.
സര്‍വ്വാസര്‍വ്വങ്ങളുടെ രക്ഷകനു.സ്തുതികള്‍ ഒന്നല്ല ഒട്ടനവധിയാണു
പൂര്‍വ്വകാലം അറിയാതിഴഞ്ഞെത്തുകയായി, ആസൌഹ്ര്ദത്തിന്റെ സാന്ദ്രത ,
എന്തെഴുതണമെന്നല്ല,എന്തൊക്കെ എഴുതണമെന്നാണു , ആവെമ്പലില്‍ ഒക്കെ മറക്കുന്നു.
സ്നേഹിതാ , ഒരൊറ്റമറുപടി, എന്നും വരും,അതെപ്പോഴുമാവാം, ഇന്ന് അല്ലെങ്കില്‍ നാളെ അവസാനംചിലമ്പിച്ച മനസ്സിന്റെ തേങ്ങലാവാം ,ഇടറിയ മൊഴിയില്‍ ഞാന്‍പറയുന്നുണ്ട്
ഞാന്‍ വരും ,ഒരിക്കല്‍ കൂടിനമുക്കവിടെ ഒന്നിച്ചിരിക്കണം
ഒരുപാടാകുവോളം ഒരുപാടു പറയണം!.
ഇനിയും എഴുതാനായെങ്കില്‍
....................................................................................................................

മക്കള്‍ രണ്ട്പേരും പുതുവര്‍ഷത്തില്‍ സ്വന്തമായി ബ്ലോഗ് തുടങ്ങി,(http://www.risamaarifa.blogspot.com/)
(http://www.risamajumana.blogspot.com/) കാരണം മറ്റൊന്നുമല്ല.വരച്ചതൊക്കെ അവരും കമന്റ് പുഞ്ചക്കാരനും(കമന്റ്സ് എന്നുപറയാന്‍ അഞ്ചാറെണ്ണമുള്ളുവെങ്കിലും) ഞാനാണങ്കില്‍ വരച്ചതൊന്നും
ഒരുഫോട്ടോകൂടി എടുത്തുസൂക്ഷിക്കാന്‍ പറ്റിയില്ല,അങ്ങിനെയാണു ഇങ്ങിനെ ഒരുബുദ് ധി തോന്നിയത്,കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കൊണ്ടുവന്ന പഴയ കാലസൂക്ഷിപ്പുകളില്‍ പെട്ട എന്റെകുത്തികുറിപ്പുകളും.അയക്കാത്ത കുറെകത്തുകളും ,
ഏതായാലും ബ്ലോഗുണ്ട് ,പോസ്റ്റാം എന്ന്കരുതി.ബുക്കൊക്കെയാണങ്കില്‍ പൂപ്പ് കേറി അവ്യക്തമായിത്തുടങ്ങി. പൂത്ത്പോകണ്ട പോസ്റ്റിക്കളയാം എന്ന് തീരുമനിച്ചതങ്ങനെയാണു
ഞാനൊരുപരസ്യക്കാരനായത് കൊണ്ട് മക്കളുടെ ബ്ലോഗിനു സൂത്രത്തില്‍ ഒരു പരസ്യവുമാകും
ഏത്...